തൃക്കാക്കര: സ്വർണക്കടത്ത് കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രണ്ടര മണിക്കൂർ നീണ്ട റെയ്ഡിൽ ലാപ്ടോപ്പ്, പാസ്പോർട്ട്, പാൻ കാർഡ്, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു.
മുസ്ളീം ലീഗ് നേതാവാണ് ഇബ്രാഹിംകുട്ടി. ഇയാളുടെ മകൻ ഷാബിൽ പാർട്ട്ണറായ തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസിന്റെ പേരിൽ ദുബായിൽ നിന്നു വന്ന കാർഗോയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഷാബിലിന് ഇടപാടിൽ പങ്കുള്ളതായി അറസ്റ്റിലായ നകുൽ മൊഴി നൽകിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എയർ ഇന്ത്യാ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇത് പിടിയിലായതിന് പിന്നാലെ ഷാബിലും കുടുംബവും ഒളിവിൽ പോയി.
കസ്റ്റംസ് സൂപ്രണ്ട് പി.എസ്. രാമസ്വാമി, വി. വിവേക് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുമ്പോൾ ഇബ്രാഹിംകുട്ടിയും ഭാര്യയും മാത്രമേ തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിനടുത്തുള്ള അരിമ്പാശേരി വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുമ്പും ഈ സ്ഥാപനത്തിന്റെ പേരിൽ വിദേശത്തു നിന്ന് സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.