കൊച്ചി: മണിചെയിൻ മാതൃകയിൽ യുവാവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് 10ലക്ഷംരൂപ തട്ടിയ രണ്ടുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. പ്രതികൾ ഒരുകോടിയോളംരൂപ ബിറ്റ് കോയിനാക്കി മാറ്രിയെന്ന് കണ്ടെത്തി. നാല് പ്രതികളിൽ വെണ്ണല ചക്കാലക്കടവ് വീട്ടിൽ ജോഷി (51), തമ്മനം നിലവറയത്ത് വീട്ടിൽ ബെർസൺ (52) എന്നിവരാണ് പിടിയിലായത്. കൂടുതൽപേർ ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ക്രൗഡ്‌വൺ എന്ന മൾട്ടി ലെവൽ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 50,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ രണ്ടരയൂറോവീതം അക്കൗണ്ടിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ആളുകളെ വീഴ്ത്തിയിരുന്നത്. മോഹനവാഗ്ദാനങ്ങളിൽവീണ് പണം നിക്ഷേപിച്ചെങ്കിലും അക്കൗണ്ടിൽ പറഞ്ഞപോലെ യൂറോയ്ക്ക് ആനുപാതികമായ തുകയെത്താതായതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 2020 മുതലാണ് പ്രതികൾ ക്രൗഡ് വണ്ണിന്റെ പേരിൽ തട്ടിപ്പ് തുടങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്.
പാലാരിവട്ടത്ത് വച്ചാണ് പ്രതികൾ പൊലീസ് പിടിയിലായത്. ഇവരെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. പ്രതികളുടെ ബാങ്ക്, ഫോൺ രേഖകളെല്ലാം വിശദമായി പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളുണ്ടെന്നാണ് സൂചന. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പാലാരിവട്ടം പൊലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.