നെടുമ്പാശേരി: ജാമ്യവ്യവസ്ഥലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽ കിച്ചുവിന്റെ (34) ജാമ്യമാണ് റദ്ദാക്കിയത്.
അത്താണിയിൽ ബിനോയി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം നൽകി. ഇത് ലംഘിച്ച് നെടുമ്പാശേരിയിലെ ഒരുബാറിൽ അതിക്രമിച്ച് കയറി പണമാവശ്യപ്പെടുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതിയായതിനെത്തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവർ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.