
കൊച്ചി:വിധിയുടെ കളിക്കളത്തിൽ തുടർച്ചയായ രണ്ടാമത്തെ ദുരന്തത്തിൽ ഇന്ത്യൻ ഫുട്ബാളിലെ എണ്ണം പറഞ്ഞ സ്റ്റോപ്പർ ബാക്കും കേരളത്തിന് ആദ്യമായി
സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമംഗവുമായ ബാബു ദേവാനന്ദ് ( 71) മരണത്തിന് കീഴടങ്ങി. ഏപ്രിൽ 16ന് ദേവാനന്ദിന്റെ കാൽ മുറിച്ചിരുന്നു. ഇന്നലെ ഹൃദയസ്തംഭനം അദ്ദേഹത്തിന്റെ ജീവനെടുത്തു.
അര നൂറ്റാണ്ടിന് ശേഷം മലപ്പുറത്ത് സന്തോഷ് ട്രോഫിയുടെ ആദ്യമത്സരമെത്തിയ ദിവസമാണ് അദ്ദേഹത്തിന്റെ കാൽ മുറിച്ചത്. ( കേരളകൗമുദിയാണ് ആ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്). തുടർന്ന് തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ഹീര ഫ്ളാറ്റിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ പത്തിനാണ് ഹൃദയസ്തംഭനം ഉണ്ടായത്.
വൈകുന്നേരം നാലിന് മട്ടാഞ്ചേരി തിരുമല ദേവസ്വം സാരസ്വത് അസോസിയേഷൻ ശ്‌മശാനത്തിൽ സംസ്കരിച്ചു.
ക്രിട്ടിക്കൽ ലിംബ് ഇസ്‌കീമിയ എന്ന രോഗവുമായുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചത്.
1973ൽ എറണാകുളം മഹാരാജാസ് മൈതാനത്ത് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ കണ്ണൂർക്കാരൻ ദേവാനന്ദ് സെൻട്രൽ ഡിഫൻസിൽ ഉണ്ടായിരുന്നു. കണ്ണൂർ ബ്രദേഴ്‌സ് ക്ലബ്ബിലൂടെ വളർന്ന ദേവാനന്ദ് 1973ലെ ദേശീയ വിജയത്തിന് പിന്നാലെ മുംബയ് ടാറ്റാസ് ടീമിലെത്തി. അടുത്ത വർഷം ബാങ്കോക്കിൽ ഏഷ്യൻ യൂത്ത് ഫുട്ബാൾ കിരീടം ഇറാനുമായി പങ്കിട്ട ഇന്ത്യൻ ടീമിലും ഉണ്ടായിരുന്നു. ടാറ്റയ്ക്ക് വേണ്ടിയാണ് കൂടുതലും ബൂട്ടുകെട്ടിയത്. 1983ൽ കളിക്കളത്തോട് വിടപറഞ്ഞു. മുംബയിലെ ടാജ് ഹോട്ടലിൽ പേഴ്സണൽ മാനേജരായിരുന്നു. 2011ലാണ് വിരമിച്ചത്.
കഴിഞ്ഞ വർഷം ദേവാനന്ദുൾപ്പെടെ ആറ് മുൻ സന്തോഷ് ട്രോഫി താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ആദരിച്ചിരുന്നു. ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ മലപ്പുറത്തിന് പോകാൻ തയ്യാറായിരിക്കേയാണ് അസുഖം മൂർച്ഛിച്ചത്. ഭാര്യ: ഷെമ. മകൻ: നിഖിൽദേവ് (വിപ്രോ, കൊച്ചി ഇൻഫോ പാർക്ക്), മരുമകൾ: രശ്മി (ഷിപ്പിംഗ് കമ്പനി, ഐലൻഡ്).