നെടുമ്പാശേരി: പാറക്കടവിൽ കിണറ്റിൽവീണ വീട്ടമ്മയെ രക്ഷപെടുത്തി. ഇന്നലെ രാവിലെ ഒമ്പതോടെ കണ്ണമ്പുഴവീട്ടിൽ മിനി പൗലോസാണ് (47) വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ തലചുറ്റി കിണറ്റിൽ വീണത്. സമീപത്ത് തന്നെയുണ്ടായിരുന്ന മകൻ മനുവും നാട്ടുകാരനായ അനിലും രക്ഷാപ്രവർത്തനത്തിനിറങ്ങി. 30 അടി ആഴമുള്ള കിണറിൽ എട്ട് അടിയിലേറെ വെള്ളമുണ്ടായിരുന്നു. അങ്കമാലി ഫയർ ഫോഴ്സെത്തിയാണ് വീട്ടമ്മയെ കരയ്ക്കെത്തിച്ചത്. അവശയായിരുന്ന മിനി പൗലോസിനെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അങ്കമാലി ഫയർ സ്റ്റേഷൻ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർമാരായ അബ്ദുൾ നസീറിന്റെയും പി.എ. ഷാജന്റെയും നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സേനാംഗങ്ങളായ പി എസ്. സുധി, ജി.പി. ഹരി, ബിജോയ്, എ.പി. ഷിഫിൻ, ടി.ആർ. റെനീഷ്, ആർ.എൽ. റെയ്സൺ എന്നിവരുണ്ടായിരുന്നു