anjana

പറവൂർ: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. മനക്കപ്പടി പുളിക്കപറമ്പിൽ സുധീർ- ഷീന ദമ്പതികളുടെ ഏകമകൾ അഞ്ജനയാണ് (16) മരിച്ചത്. കരുമാല്ലൂർ എഫ്.എം.സി.ടി.എച്ചിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

ചൊവ്വാഴ്ച രാവില ഒമ്പതോടെ വീട്ടിൽ വച്ച് തലകറക്കമുണ്ടായതിനെത്തുടർന്നാണ് അശുപത്രിയിലെത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണശേഷം മൂന്നു മണിയോടെ ഡിസ്ചാർജ് ചെയ്തു. ഇതിന് മുമ്പായി ഒരു കുത്തിവെപ്പുകൂടി എടുത്തു. തുടർന്ന് പിതാവിന്റെ വാഹനത്തിലേക്ക് കയറുന്നതിനിടെ രോഗം മൂർച്ചിച്ച് കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ സ്ഥിതി വഷളാവുകയും ഐ.സി.യു ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അന്ത്യം സംഭവിക്കുകയുമായിരുന്നു.

ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.