കളമശേരി: ഫാക്ടിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പി.എം ഷറഫുദ്ദീനും പി.ഹുസൈൻകോയയും പടിയിറങ്ങുന്നു. 34 വർഷം പി.എം. ഷറഫുദ്ദീനും 32 വർഷം ഹുസൈൻകോയയും ഫാക്ടിൽ ജീവനക്കാരായിരുന്നു. 30 ന് ഇരുവരും പടിയിറങ്ങും. ഫാക്ട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞത് ഷറഫുദ്ദീൻ പ്രസിഡന്റായി ചുമതലയേറ്റശേഷമാണ്. പത്തര വർഷക്കാലം സൊസൈറ്റിയുടെ ഭരണസാരത്ഥ്യം വഹിച്ചു.
10 വർഷക്കാലം ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സജീവമായിരുന്നു. ജനറൽ സെക്രട്ടറിയായിരിക്കെ വിഷയങ്ങൾ ആഴത്തിൽ കൃത്യമായ് പഠിച്ച് മാനേജ്മെന്റിന്റെ മുമ്പിൽ വ്യക്തമായി അവതരിപ്പിക്കുവാനും അവകാശങ്ങൾ നേടിയെടുക്കാനും കഴിഞ്ഞത് ഷറഫുദ്ദീന്റെ നേതൃത്വ മികവാണ്. 2002 മുതൽ 2020 വരെ ഫാക്ട് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. നാഷണൽ കോൺഫെഡറേഷൻ ഓഫ് ഓഫീസേഴ്സ് അസോസിയേഷന്റെ കേരള ഘടകം പ്രസിഡന്റായും ട്രഷററായും ചുമതല വഹിച്ചു.
ഹുസൈൻകോയ നിരവധി സമരങ്ങളുടെ മുൻ നിരയിലുണ്ടായിരുന്നതിനാൽ പല തവണ സസ്പെൻഷൻ, തരംതാഴ്ത്തൽ, ജയിൽവാസം, ശമ്പളം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികൾക്ക് വിധേയനായിട്ടും മനസ് തളരാതെ പോരാട്ടരംഗത്ത് ഉറച്ചു നിന്ന വ്യക്തിയാണ്. ഫാക്ട് സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരത്തെ തുടർന്ന് കിട്ടിയ ശിക്ഷയുടെ ഫലമായി 2 വർഷകാലം പുറത്തു നിൽക്കേണ്ടി വന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ഹുസൈൻ സി.പി.എം ഫാക്ട് ബ്രാഞ്ച് സെക്രട്ടറി, ജില്ലാ സൈക്കിൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്, യൂണിയൻ (എഫ്.ഇ.എ) വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്ന ഹുസൈൻ നിരവധി സിനിമകൾ, ഷോർട്ട് ഫിലിം, നാടകം, ആൽബം തുടങ്ങിയവയിൽ അഭിനയിച്ചിട്ടുള്ള കലാകാരൻ കൂടിയാണ്.