കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡനക്കേസിനു പിന്നാലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസുകൂടി ഇന്നലെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ പരാതിക്കാരിയുടെ പേരു പറഞ്ഞ് പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏപ്രിൽ 22ന് നടി സൗത്ത് പൊലീസിൽ പരാതി നൽകിയതിനുപിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്, മൊഴിയെടുക്കലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകും.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റിൽ വച്ച് നിരവധി തവണ വിജയ് ബാബു മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിൽ പരിഗണനയ്ക്കു വന്നേക്കുമെന്ന് സൂചനയുണ്ട്.
ഇര ഞാൻ: വിജയ് ബാബു
ഞാനാണ് യഥാർത്ഥ ഇര. 2018 മുതൽ ഈ കുട്ടിയെ അറിയാം. പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീൻ ഷോട്ടുകളും കൈവശമുണ്ട്. ഒന്നരവർഷത്തോളം ഒരു മെസേജും ഞാൻ അയച്ചിട്ടില്ല. ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ഫേസ്ബുഫ് ലൈവിൽ പറഞ്ഞു.
വിവാദം കൂടപ്പിറപ്പ്
സിനിമാരംഗത്ത് വിജയ് ബാബുവിനൊപ്പം എന്നും വിവാദവുമുണ്ടായിരുന്നു. സാന്ദ്ര തോമസുമായി ചേർന്ന് തുടങ്ങിയ ഫ്രൈഡേ ഫിലിം ഹൗസ് ശ്രദ്ധേയമായ പല ചിത്രങ്ങളും നിർമ്മിച്ചു. പിന്നീട് സാന്ദ്രയുമായി തെറ്റിപ്പിരിഞ്ഞു. വിജയ്ബാബു ആക്രമിച്ചതായി ആരോപിച്ച് സാന്ദ്ര പൊലീസിനെ സമീപിച്ചെങ്കിലും കേസ് ഒത്തുതീർക്കുകയായിരുന്നു. 1983ൽ ബാലതാരമായാണ് കൊല്ലം സ്വദേശിയായ വിജയ് ബാബു സിനിമയിലെത്തിയത്. മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു. ഭാര്യയും ഒരു മകനുമുണ്ട്.
നിർമ്മിച്ച സിനിമകൾ
സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് മങ്കിപെൻ, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരേ കൂട്ടമണി, മുദ്ദുഗവു, അങ്കമാലി ഡയറീസ്, ഹോംമിനിസ്റ്റർ, ആട് 2, ജൂൺ, ജനമൈത്രി, തൃശൂർ പൂരം, സൂഫിയും സുജാതയും, ഹോം.
''ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡിഷ്യറിക്കാണ്. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയമാണ്.
- ഡബ്ലിയു.സി.സി