മൂവാറ്റുപുഴ: ക്ലബ് ഫുട്ട് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ ഫുട്ട് ക്ലിനിക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭൻ, ആർ.എം.ഒ ഡോ. ധന്യ, നഗരസഭ വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം,നിസ അഷറഫ്, കൗൺസിലർമാരായ നെജില ഷാജി, അമൽ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
നവജാത ശിശുക്കളുടെ കാൽപ്പാദങ്ങൾ ഉള്ളിലേക്ക് വളഞ്ഞ രീതിയിൽ കാണപ്പെടുന്ന അവസ്ഥയാണ് ക്ലബ് ഫുട്ട്. ഈ വൈകല്യം പൂർണമായും ചികിത്സയിലൂടെ ഭേദമാക്കാം. സർക്കാർ ആശുപത്രികളിൽ ഈ സേവനം ലഭിച്ചിരുന്നില്ല. ജനിക്കുമ്പോഴേ വൈകല്യമുളള ശിശുക്കളെ വൻതുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കേണ്ട സ്ഥിതിയായിരുന്നു. ജനറൽ ആശുപത്രിയിൽ ഫുട്ട് ക്ലിനിക് തുറന്നതോടെ ഇതിന് പരിഹാരമാകും. എല്ലാ ബുധനാഴ്ചകളിലും ക്ലിനിക്ക് പ്രവർത്തിക്കും.