അങ്കമാലി: ഓട്ടോറിക്ഷ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കെതിരെ സ്ഥാപിത താത്പര്യക്കാരായ കച്ചവടക്കാരുടെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കമാലി നഗരസഭാ പ്രദേശത്തെ 16 ഓട്ടോസ്റ്റാൻഡുകളിലെ എഴുനൂറിലേറെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരസഭാ ചെയർമാൻ റെജി മാത്യുവിന് നിവേദനവും സമർപ്പിച്ചു.
ടി.ബി ജംഗ്‌ഷനിൽനിന്നാരംഭിച്ച റാലി ടൗൺചുറ്റി നഗരസഭാ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.വി. ടോമി അദ്ധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗങ്ങളായ ജിജോ ഗർവാസീസ്, മാത്യു തെറ്റയിൽ, മുനിസിപ്പൽ പ്രസിഡന്റ് ടി.വൈ. ഏല്യാസ്, സെക്രട്ടറി എ.കെ. ഏല്യാസ്, ഷൈജോ കരേടൻ, തോമസ് കോട്ടയ്ക്കൽ, കെ.ഐ. ഷിജു, സിബീഷ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.