മൂവാറ്റുപുഴ: യുവാവിനെ കാറിൽ തട്ടികൊണ്ടുപോയി മർദ്ദിച്ചവശനാക്കിയശേഷം തല മുണ്ഡനംചെയ്ത കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഉറവക്കുഴി പേണ്ടാണത്ത് ദിലീപ് (48), മകൻ അഖിൽ (22), ബന്ധു അഭിജിത് (24) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കാറിലെത്തിയ സംഘം നഗരത്തിലെ അരമനജംഗ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ നിയാസിനെ (22) കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നിയാസിന്റെ തലമുണ്ഡനം ചെയ്തശേഷം താടിയും വടിച്ചു. പ്രതികളുടെ ബന്ധുവായ സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.