
തൃക്കാക്കര: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ദതി 2021-2022 പ്രകാരം ഏറ്റെടുത്ത ക്ഷീരസാഗരം പദ്ധതിയിൽ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെബി മേത്തർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ രഞ്ജിനി. എസ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ വഴി വനിതകളുടെ സാമ്പത്തിക ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടാണ് ക്ഷീരസാഗരം പദ്ധതി നടപ്പാക്കുന്നത്. 83 കുടുംബശ്രീകൾക്ക് ഡയറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സബ്‌സിഡിയായ 1,84,37,500 രൂപ നൽകും.