socialissu
കഴിഞ്ഞ 16 ന് തൃക്കളത്തൂർ സംഗമംപടിയിൽ അപകടത്തിൽ പെട്ട് തകർന്നകാർ. മലയാറ്റൂർ തീർത്ഥാടകരാണ് കാറിലുണ്ടായിരുന്നത്

മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിലെ തൃക്കളത്തൂർ അപകട മേഖലയായി മാറി. നിരന്തരം അപകടമുണ്ടായിട്ടും പ്രശ്നപരിഹാരത്തിന് ശാശ്വതനടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തുടർച്ചയായി അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുന്ന തൃക്കളത്തൂർ സംഗമംപടിയിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത് കാൽനടയാത്രക്കാരിയായ വൃദ്ധയാണ് . ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മനയത്തുകുടി വത്സലയുടെ ജീവനെടുത്തത് മിനിലോറിയാണ്. കഴിഞ്ഞ 16ന് ഇവിടെ ഉണ്ടായ അപകടത്തിൽ മലയാറ്റൂർ തീർത്ഥാടകനായ യുവാവിന്റെ ജീവനും പൊലിഞ്ഞു.

കഴിഞ്ഞ 6 മാസത്തിനിടെ മേഖലയിലുണ്ടായ അപകടത്തിൽ അഞ്ച് കാൽനടക്കാരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇവിടെ നടന്ന അപകടങ്ങൾക്ക് കണക്കില്ല. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അറുപതിൽ ഏറെയാണ്. 2005 ൽ കെ.എസ്.ടി.പി.യുടെ എം.സി.റോഡ് നവീകരണത്തിനുശേഷമാണ് ഇവിടം അപകടമേഖലയായി മാറിയത്.

 വില്ലൻ റോഡ് നിർമ്മാണത്തിലെ അപാകത

നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് അപകടങ്ങൾ കുറക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് പ്രഖ്യാപനവും നടത്തി. എന്നാൽ തുടർനടപടി ഒന്നുമുണ്ടായില്ല.

കഴിഞ്ഞ സർക്കാരിന്റ കാലത്ത് എൽദോഎബ്രഹാം എം.എൽ.എ മുൻകൈയെടുത്ത് റോഡ് സേഫ്റ്റി കമ്മിറ്റി രൂപീകരിച്ച് നടത്തിയ പഠനത്തിനുശേഷം അപകടങ്ങൾ കുറക്കാൻ ചിലനിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ വർഷങ്ങളായി ഇതും ഫയലിൽ പൊടിപിടിച്ചിരിക്കുകയാണ് . എം.സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന തൃക്കളത്തൂർ മേഖലയിൽ അടിയന്തരമായി സ്പീഡ് ബ്രേക്കർ സംവിധാനമെങ്കിലും ഒരുക്കി പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.

 വേണം ശാശ്വതപരിഹാരം

തൃക്കളത്തൂരിൽ അടിക്കടിയുണ്ടാകുന്ന വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പൊതുപ്രവർത്തകനുമായ ആർ. സുകുമാരൻ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.