പറവൂർ: ദേശീയപാതയിൽ ആംബുലൻസുൾപ്പെടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. എറണാകുളത്തേക്കുപോയ ആംബുലൻസ് നിയന്ത്രണംവിട്ട് ആദ്യം ഒരു കാറിന്റെ പിന്നിലിടിച്ചു. കാർ മുന്നിൽപ്പോയ മറ്റൊരുകാറിൽ ഇടിച്ചു. രണ്ടാമത്തെ കാർ ഒരു ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചു. ഇരുചക്രവാഹന യാത്രക്കാരൻ ഇരിങ്ങാലാക്കുട പാലാട്ടിഫ്ലാറ്റിൽ താമസിക്കുന്ന സനൽദാസ് (31), ആംബുലൻസ് ഇടിച്ച കാറിൽ യാത്രചെയ്തിരുന്ന വഴിക്കുളങ്ങര സുശീലത്തിൽ സുനിലിന്റെ ഭാര്യ സന്ധ്യ (35) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പറവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല.