തൃക്കാക്കര: കാക്കനാട് കെ.ബി.പി.എസ് കവാടത്തിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന നാല് ഓട്ടോറിക്ഷകൾ സ്വകാര്യബസ് ഇടിച്ചുതകർത്തു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. എറണാകുളം - കാക്കനാട് റൂട്ടിൽ ഓടുന്ന താര ബസാണ് അപകടമുണ്ടാക്കിയത്.

ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ തുതിയൂർ സ്വദേശി വിൻസന്റ് പുളിക്കലിന് തലക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്നു തെറിച്ചു വീണ ഇയാളുടെ തല സമീപത്തെ പരസ്യബോർഡിൽ ഇടിക്കുകയായിരുന്നു. കാക്കനാട് സൺ റൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്ന് ഓട്ടോകളിൽ ഡ്രൈവർമാരില്ലായിരുന്നു. അവസാന സ്റ്റോപ്പായ ജില്ലാ പഞ്ചായത്തിന് മുൻവശത്ത് ആളെ ഇറക്കിയതിന് ശേഷം ഡ്രൈവർക്ക് പകരം ക്ളീനറാണ് ബസ് ഓടിച്ചിരുന്നത്. ബസ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമക്കെതിരെയും കേസെടുത്തു.