നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന മഹോത്സവം മേയ് ഒന്നിന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രംകമ്മിറ്റി ചെയർമാൻ കെ.എസ്. ചെല്ലപ്പൻ, ശാഖാ സെക്രട്ടറി എം.കെ. ഭാസ്കരൻ, ക്ഷേത്രകമ്മിറ്റി കൺവീനർ കെ.ആർ. ഷിബു എന്നിവർ അറിയിച്ചു.
നാളെ വൈകിട്ട് ആറുമുതൽ ഗുരുപൂജ, ശാരദദേവിപൂജ, ദീപാരാധന, ഗാനമേള എന്നിവ നടക്കും. ഒന്നിന് രാവിലെ ആറിന് മഹാഗണപതി ഹോമം. 7.30ന് കൊടിയേറ്റ്, തുടർന്ന് പ്രഭാതപൂജ, കലശപൂജ, കലശാഭിഷേകം. 11ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന് സ്വീകരണം. 11.30ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ പൂർണകുംഭം നൽകി വരവേൽക്കും. തുടർന്ന് സ്വാമിയുടെ നേതൃത്വത്തിൽ കുടുംബസർവൈശ്വര്യപൂജ. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ആറിന് മഹാദീപാരാധന, ഏഴിന് കൊടിയിറക്കൽ.