കൊച്ചി: വൈപ്പിൻകാരുടെ യാത്രാദുരിതത്തിന് ഉടനെ പരിഹാരമാകും. വൈപ്പിൻ ദ്വീപുകളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഹൈക്കോടതിയിൽ സർവീസ് അവസാനിപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കാൻ വഴിയൊരുങ്ങുന്നു. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (കെ.എം.ടി.എ) നിർദേശ പ്രകാരം നാറ്റ്പാക്ക് ഈ പ്രശ്നത്തിൽ വിശദമായ പഠനം നടത്തിയിരുന്നു.
ബസുകൾക്ക് നഗര പ്രവേശനം അനുവദിച്ചാൽ വൈപ്പിൻ യാത്രികൾക്ക് ഏറെ സഹായമാകുമെന്നും വൈപ്പിനിൽ നിന്ന് സ്വകാര്യവാഹനങ്ങൾ കുറയുന്നതിനാൽ നഗരത്തിലെ ഗതാഗതത്തിന് ഗുണകരമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചകൾക്കുള്ളിൽ ബസുകൾക്ക് പട്ടണപ്രവേശം അനുവദിക്കുമെന്നാണ് സൂചന.
രണ്ട് ദശാബ്ദത്തോളമായി വലയുകയായിരുന്നു വൈപ്പിൻ ദ്വീപിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രികർ. ഹൈക്കോടതി ജംഗ്ഷനിൽ ഇറങ്ങി വേറെ ബസുകളിൽ കയറി വേണം യാത്ര തുടരേണ്ടത്. വിദ്യാർത്ഥികളും പതിവ് യാത്രികരും കഷ്‌ടപ്പെടുകയാണ്. യാത്രാചെലവും സമയനഷ്ടവും വേറെ. കെ.എസ്.ആർ.ടി.സി ജെട്ടി സ്റ്റാൻഡിൽ നിന്ന് കുറച്ചു ബസുകൾ മാത്രമാണ് നഗരത്തിനുളള്ളിലേക്ക് പ്രവേശിക്കുന്നത്.
2004ൽ വൈപ്പിനെയും മുളവുകാടിനെയും നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങൾ തുറന്നതു മുതൽ ഇതാണ് അവസ്ഥ.
തടസങ്ങൾ നീങ്ങുന്നു
വൈപ്പിനിൽ നിന്നുള്ള ബസുകൾ കൂടി നഗരത്തിലേക്കെത്തിയാൽ ഗതാഗതപ്രശ്നം രൂക്ഷമാകുമെന്നായിരുന്നു തടസവാദങ്ങൾ.
കൊച്ചിമെട്രോ സർവീസ് തുടങ്ങിതിനും കൊവിഡ് കാലത്തിനും ശേഷം സിറ്റി ബസുകളിൽ മുപ്പതു ശതമാനത്തോളം സർവീസ് നിറുത്തിയെന്നതാണ് കണക്ക്. അതുപ്രകാരം വൈപ്പിൻ ബസുകൾ എത്തിയാലും ഗതാഗത പ്രശ്നങ്ങൾ ഉടലെടുക്കാനും സാദ്ധ്യതയില്ല.
ആയിരങ്ങൾക്ക് അനുഗ്രഹം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് വൈപ്പിനും മുളവുകാടും. ചെറുകിട ജോലികൾ ചെയ്യുന്നവരും കൂലിപ്പണിക്കാരും വിദ്യാർത്ഥികളും വീട്ടുജോലിക്കാരായ വനിതകളുമാണ് ബസ് യാത്രികരിൽ അധികവും. ഇവർ അനുഭവിക്കുന്ന യാത്രാദുരിതം നിസാരമല്ല. ഹൈക്കോടതി ജംഗ്ഷനിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ജനത്തിരക്കും ഇല്ലാതാകും.
വൈപ്പിൻ ബസുകൾക്ക്
നാറ്റ്പാക്ക് ശുപാർശ
ചെയ്യുന്ന റൂട്ടുകൾ
കലൂർ, കാക്കനാട്, കളമശേരിയി
മേനക, പള്ളിമുക്ക് വഴി തേവര
മേനക, പള്ളിമുക്ക് വഴി വൈറ്റില ഹബ്ബ്
കലൂർ, കടവന്ത്ര വഴി വൈറ്റില ഹബ്ബ്
യാത്രികരുടെ കണക്ക്
ദിവസം സ്വകാര്യബസുകളിലൂടെ 13,200 യാത്രക്കാരും സ്വകാര്യവാഹനങ്ങളിലൂടെ 29,500 യാത്രക്കാരും ഹൈക്കോർട്ട് ജംഗ്ഷനിലെത്തുന്നു.
വൈപ്പിൻ ബസുകൾ
78 എണ്ണം 349 ട്രിപ്പുകൾ
ഹൈക്കോടതി ജംഗ്ഷനിലിറങ്ങുന്ന യാത്രികരിൽ 60 ശതമാനവും നഗരത്തിലേക്കുള്ളവർ. സ്വകാര്യവാഹനങ്ങളിൽ വരുന്നവരിൽ 63 ശതമാനവും ബസുകളിലേക്ക് യാത്രമാറ്റാൻ തയ്യാർ. ബസുകൾ ദീർഘിപ്പിച്ചാൽ ഈ വാഹനങ്ങൾ ഒഴിവാകും.
ഉടനെ തീരുമാനം ഉണ്ടാകണം
നിർദ്ദേശിക്കപ്പെട്ട റൂട്ടുകളിൽ കഴിയുന്നത്ര വേഗം സ്വകാര്യ ബസുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ