accident-madavana

മരട്: മാടവന പള്ളിനടയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് നിറുത്താതെ പോയ പെട്ടിഓട്ടോയിലുണ്ടായിരുന്നവരെ നെട്ടൂരിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പനങ്ങാട് ഭാഗത്തുനിന്ന് ഇറച്ചിക്കോഴി മാലിന്യവുമായി വന്ന പെട്ടിഓട്ടോ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവതിയുടെ ദേഹത്തുകൂടി കയറിയ വാഹനം നിറുത്താതെ പോയി. ഇതിനിടയിൽ മറ്റ് വാഹനങ്ങളിലും ഇടിച്ചു. തുടർന്ന് വേഗത്തിൽ ഓടിച്ച് നെട്ടൂരിൽ നങ്ങ്യാരത്ത് റോഡിലേക്ക് കയറ്റിയ ഓട്ടോ മുന്നോട്ടുപോകാൻ കഴിയാതെ കുടുങ്ങി. വാഹത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയവർ ചേർന്ന് പിടികൂടി പനങ്ങാട് പൊലീസിന് കൈമാറി. പനങ്ങാട് പൊലീസ് വാഹനവും അതിലുണ്ടായിരുന്ന സുബിൻ, ജെഫ്രിൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ പനങ്ങാട് സ്വദേശിയായ യുവതി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.