കളമശേരി: മഴക്കാലമാകുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ വാഹിനി പദ്ധതി പുരോഗമിക്കുമ്പോഴും തോട് ശുചീകരണം പൂർത്തിയാക്കിയിട്ടില്ല. കളമശേരി നഗരസഭയിലെ വിടാക്കുഴ വാർഡിൽ ഉൾപ്പെട്ട മുതലക്കുഴി പാടത്തുള്ള തുമ്പുങ്കൽ തോട് എക്കലും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കാടുമൂടി കിടക്കുകയാണ്. തോടും പാടവും തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. തൊട്ടടുത്ത എടത്തല, ചൂർണിക്കര, കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. മഴക്കാലത്തിന് മുമ്പായി തോട് ശുചീകരണം നടത്തിയില്ലെങ്കിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കാരണമാകും. ജില്ലാ ഭരണകൂടവും മുനിസിപ്പൽ അധികൃതരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.