മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സുപ്രധാന വികസന പദ്ധതികളായ കക്കടാശേരി- കാളിയാർ റോഡിന്റെയും മധുര- തേനി റോഡിന്റെയും നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എപറഞ്ഞു. റോഡ് നിർമ്മാണവും അനുബന്ധ സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തും. മധുര- തേനി റോഡിന്റെ പഴയ ഡി.പി.ആർ സിസൈനിൽനിന്ന് മാറ്റംവരുത്തി. വീതികൂട്ടിയാണ് നിർമ്മാണം നടത്തുന്നത്.

കക്കടാശേരി കാളിയാർ റോഡിലെ സ്ഥലപരിമിതി നിർമ്മാണ പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുമെന്ന് തോന്നിയതോടെ ലഭ്യമായ മുഴുവൻ പുറമ്പോക്കു ഭൂമിയും ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കൽ പ്രക്രിയയിൽ പ്രാദേശികമായി ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും വലിയ ഇടപെടലുകൾ നടത്തി. രണ്ടു റോഡുകളുടേയും നിർമ്മാണം കരാർ പ്രകാരം 2023 മാർച്ച് 31ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് എം.എൽ.എ പറഞ്ഞു.