ആലുവ: പെരിയാറിന്റെ കൈവഴികൾ അതിർത്തി നിർണയിക്കുന്ന പഞ്ചായത്താണെങ്കിലും കുറേക്കാലമായി ചൂർണിക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം പലവട്ടം പ്രതിഷേധം ഉയർത്തിയെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധച്ചൂടിന് ഇപ്പോൾ വേനൽച്ചൂടിനേക്കാൾ കാഠിന്യമാണ്.
സമരവുമായി നാട്ടുകാർ വാട്ടർ അതോറിട്ടി ഓഫീസിലെത്തുമ്പോൾ താത്കാലിക പരിഹാരംചെയ്ത് സമരക്കാരെ ഒഴിപ്പിക്കും. പിന്നെയും അവസ്ഥ പഴയപോലെയാകും. പഞ്ചായത്തിലെ കുന്നുംപുറം, തായിക്കാട്ടുകര, കാട്ടിക്കുഴി, മുതിരപ്പാടം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. പരാതി പരിഹാരമില്ലാത്തതിനെത്തുടർന്ന് ഓഫീസ് ഉപരോധിച്ചപ്പോൾ അധികൃതർ ഇന്നലെ ചർച്ചയ്ക്ക് സന്നദ്ധമായി. കുന്നുംപുറം, തായിക്കാട്ടുകര ഭാഗത്ത് ആറുമാസമായി ആവശ്യത്തിന് വെള്ളംലഭിക്കുന്നില്ലെന്ന് വാർഡ് മെമ്പർമാരായ മുഹമ്മദ് ഷെഫീക്കും ലൈല അബ്ദുൾ ഖാദറും പറഞ്ഞു. കാട്ടിക്കുഴി റോഡിലും ഇപ്പോൾ വെള്ളം കിട്ടുന്നില്ലെന്നും വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പറഞ്ഞു.
വാൽവ് പൂട്ടാൻ നിർദ്ദേശമില്ലെന്ന് വാട്ടർ അതോറിറ്റി
കുന്നുംപുറം, തായിക്കാട്ടുകര വാർഡുകളിലേക്കുളള വെള്ളം വിടുന്ന വാൽവ് എം.എൽ.എയും പഞ്ചായത്ത് കമ്മിറ്റിയും പറഞ്ഞിട്ടാണ് പൂട്ടുന്നതെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ പരാതിക്കാരനോട് പറഞ്ഞൂവെന്ന ആക്ഷേപം ഉദ്യോഗസ്ഥർ നിഷേധിച്ചു. കുടിവെള്ളം സംബന്ധമായ പരാതികൾ വാട്ടർ അതോറിറ്റിയാണ് പരിഹരിക്കുന്നതെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.
കാട്ടിക്കുഴി റോഡിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എൻജിനീയർമാർ നേരിട്ടുവന്ന് പരിശോധിക്കാമെന്നും തായിക്കാട്ടുകര, കുന്നുംപുറം പ്രദേശങ്ങളിൽ നിലവിൽ വാൽവ് പൂട്ടുന്നയാളെ മാറ്റി പുതിയ ആളെ ഇന്ന് മുതൽ നിയോഗിക്കാമെന്നും അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഉറപ്പ് നൽകി.
അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു
ചൂർണിക്കരയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസി. എക്‌സി. എൻജിനീയർ വിനീതയെ ഉപരോധിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പർമാരായ ലൈല അബ്ദുൾ ഖാദർ, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, സബിത സുബൈർ, വിവിധ വാർഡുകളിലെ കെ.കെ. രാജു, ബിജു മോഹൻ, റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഇസ്മായിൽ, മുഹമ്മദ് ഷെരീഫ്, ജിജി ജോർജ് എന്നിവർ ഉപരോധത്തിന് നേതൃത്വംനൽകി.