
കൂത്താട്ടുകുളം: കളിയും കഥകളും ചിരിയിലൊളിപ്പിച്ച ചിന്തകളുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന വേനൽപ്പറവകൾ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന ദിനത്തിൽ എൻ.സി.ആർ.ടി മാസ്റ്റർ പരിശീലകൻ എൽ.സി. വിജയകുമാർ നയിച്ച ക്ലാസ് ശ്രദ്ധേയമായി. കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുത്ത് കഴിവുകളെ മിനുക്കിയെടുക്കാനായുള്ള വിവിധ ഘട്ടങ്ങളിലൂടെ പരിശീലനം കടന്നു പോയി. നാടറിയാം-ഏകദിന പഠനയാത്രയിലൂടെ കൂര്, പാഴൂർ, അരീക്കൽ, കൊച്ചരിക്കൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി പുറത്തിറക്കിയ യാത്രവിവരണ പതിപ്പ്, കഥ കവിത പതിപ്പ് തുടങ്ങിയവ പ്രകാശനം ചെയ്തു. ഫുട്ബാൾ പഠിക്കാം കളിക്കാം, ഐ.ടി പരിശീലനം, കരാട്ടേ പരിശീലനം, കഥാ കവിത ശില്പശാല,കരവിരുത്, വ്യക്തിത്വ വികസന പരിശീലനം തുടങ്ങിയ വിവിധ പരിപാടികളുണ്ടായി. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ആർ.വത്സലാ ദേവി, എലിസബത്ത് പോൾ, ടി.വി.മായ, ഷീബ ബി. പിള്ള,എ.ബി. ജയശ്രി, കെ. ഗോപിക, കെ.പി.രേഖ, എന്നിവർ സംസാരിച്ചു.ഡി.ശുഭലൻ,എം. സന്ദീപ്, നിഖൽ ജോസ്, ആൻ മരിയ സാജു ,എൻ. കെ.ലക്ഷ്മിക്കുട്ടി,രശ്മി വിജയൻ എന്നിവർ ക്ലാസ് നയിച്ചു.