ആലുവ: രാജ്യത്ത് പലേടത്തും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷങ്ങൾ വർദ്ധിക്കുമ്പോൾ, ആലുവ അദ്വൈതാശ്രമം മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും വേറിട്ട ഭൂമിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ചെറിയപെരുന്നാൾ ദിവസം ആലുവ മസ്ജിദ് അൽ അൻസാറിന്റെ നേതൃത്വത്തിൽ രാവിലെ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് നമസ്കാരത്തിന് ഇക്കുറി ആലുവ അദ്വൈതാശ്രമ ഭൂമിയാണ് വേദിയാകുന്നത്.

അദ്വൈതാശ്രമത്തിന് എതിർവശമുള്ള ആശ്രമം സ്ഥലത്താണ് ഈദ് ഗാഹ് ഒരുക്കുന്നത്. ഏഷ്യയിലെ ആദ്യ സർവ്വമത സമ്മേളനത്തിന് വേദിയായ അദ്വൈതാശ്രമം അടുത്തവർഷം സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കും.

പ്രളയകാലത്തും കൊവിഡ് കാലത്തുമെല്ലാം അദ്വൈതാശ്രമം ഇതര മതസ്ഥാപനങ്ങളുമായി ചേർന്ന് മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ക്രൈസ്തവ, മുസ്ലിം മതപണ്ഡിതരും വിശ്വാസികളുമായി ചേർന്ന് കുട്ടനാടിനൊരു കൈത്താങ്ങ് എന്ന നിലയിൽ പ്രളയകാലത്ത് ലോഡ് കണക്കിന് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് നൽകിയത്.

ആശ്രമം മുൻസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ആശ്രമത്തിൽ നോമ്പുതുറയും സംഘടിപ്പിച്ചിട്ടുണ്ട്. മത വിദ്വേഷങ്ങൾ പടരുന്ന ലോകത്ത് സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെ അന്തരീക്ഷം വളർത്തുന്നതിനുള്ള സന്ദേശമെന്ന നിലയിലാണ് ആശ്രമം സ്ഥലത്ത് ഈദ് ഗാഹ് നമസ്കാരത്തിന് സൗകര്യം ഒരുക്കുന്നതെന്ന് സെക്രട്ടറി സ്വാമി ധർമ്മചെെതന്യ പറഞ്ഞു. തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ മുൻകൈയെടുക്കും.

മസ്ജിദ് അൽ അസനാർ ചീഫ് ഇമാം ടി.കെ. അബ്ദുൾ സലാം, സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റി കൺവീനർ അൻവർ സാദത്ത് തോട്ടുമുഖം എന്നിവരുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ഒരുക്കങ്ങൾ നടത്തുന്നത്.