കളമശേരി: അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കരകയറുന്നു. ഫാക്ട് ജനറൽ മാനേജർ (എച്ച്.ആർ) മോഹൻകുമാറുമായി സ്കൂൾ സൊസൈറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ അനുകൂല പ്രതികരണമുണ്ടായെന്ന് അറിയുന്നു.
അഞ്ചുലക്ഷം രൂപ അടച്ച് 15 വർഷത്തെ കരാറും ബാക്കിത്തുക നിശ്ചിത കാലാവധിക്കുള്ളിൽ അടച്ചുതീർക്കാമെന്നുമാണ് ഭരണസമിതി വ്യക്തമാക്കുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ കാര്യങ്ങളിൽ ഇളവും ആവശ്യപ്പെടുന്നു. അടുത്തവാരം സി.എം.ഡി.യുമായുള്ള ചർച്ചയിൽ കരാർ ഒപ്പുവയ്ക്കാനാണ് നീക്കം.
കേന്ദ്രമന്ത്രി വി.മുരളീധരന് ബി.ജെ.പി. നേതാവ് സി.ജി.രാജഗോപാൽ മുഖേന സ്കൂൾ ഭരണസമിതി നിവേദനം നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പ്രമോദ് എന്നിവരെയും സമീപിച്ചതായി ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ പറഞ്ഞു.