road

മൂവാറ്റുപുഴ : നഗരത്തിലെ തിരക്കേറിയ എം.സി. റോഡിൽ കച്ചേരിത്താഴത്ത് റോഡിനു നടുവിൽ പൈപ്പ്പ്പൊട്ടിരൂപം കൊണ്ട കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി. കാൽ നട യാത്രക്കാർ അടക്കം കുഴിയിൽ വീഴുന്നത് പതിവാണ്. മഴ പെയ്തതോടെ ചെളിവെള്ളം തെറിക്കാതെ നടക്കാൻ പറ്റുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമെ പൊടിയും കൂടിയായതോടെ ജനങ്ങളുടെ ദുരിതമേറുന്നു.

കഴിഞ്ഞ ശനിയാഴ്ച കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി മണ്ണിട്ടു മൂടിയെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയും ചെളിവെള്ളം നിറയുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിറ്റിയിൽ നിന്ന് ആളെത്തിയെങ്കിലും മണ്ണിട്ട് മൂടി തിരിച്ചു പോവുകയായിരുന്നു. ഇതോടെ കുഴി വീണ്ടും രൂപപ്പെട്ടു.അടിയന്തരമായി കുഴി ടാർ ചെയ്ത് പ്രശ്നം പരിഹരിച്ച് നാട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നഗരവാസികളുടെ ആവശ്യം.