കോതമംഗലം: വിദേശവിപണിയും കീഴടക്കി മുന്നേറുകയാണ് വാരപ്പെട്ടി സർവീസ് സഹകരണബാങ്കിന്റെ വാരപ്പെട്ടി ബ്രാൻഡ് ഉത്പന്നങ്ങളായ വാരപ്പെട്ടി വെളിച്ചെണ്ണ. വാട്ടിയകപ്പ, ഉണക്ക ഏത്തപ്പഴം എന്നിവയെല്ലാം കയറ്റുമതി ചെയ്ത് വിദേശത്ത് വാരപ്പെട്ടി ബ്രാൻഡ് മാർക്കറ്റ് പിടിച്ചുകഴിഞ്ഞു. കേരളത്തിലെ ഒരു സഹകരണബാങ്ക് എങ്ങനെ വിദേശവിപണി കണ്ടെത്തി എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. കാർഷിക-മൂല്യാധിഷ്ഠിത ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഏക സഹകരണബാങ്കാണ് വാരപ്പെട്ടി സർവീസ് സഹകരണബാങ്ക്. ആസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാരപ്പെട്ടി വെളിച്ചെണ്ണയും വാട്ടിയകപ്പയും ഉണക്ക ഏത്തപ്പഴവുമൊക്കെ കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
കാർഷികോത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന് അനുസൃതമായി ന്യായവില ലഭിക്കുന്നില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് മൂല്യവർദ്ധിത ഉത്പന്നങ്ങളായി ഇവ വിപണിയിലെത്തിക്കുവാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. വാരപ്പെട്ടി ബ്രാൻഡ് വെളിച്ചെണ്ണ പുറത്തിറക്കിയായിരുന്നു ആദ്യതുടക്കം. വെളിച്ചെണ്ണവിപണി കൈയടക്കിയതോടെ മറ്റു മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാനുള്ള ആത്മവിശ്വാസവും കൂടി. അതോടൊപ്പം വിദേശത്തേക്ക് വെളിച്ചെണ്ണയുടെ കയറ്റുമതിയും ആരംഭിച്ചു. മൈലൂരിൽ വ്യവസായകേന്ദ്രം സ്ഥാപിച്ച് മണ്ണുത്തി കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ഏത്തക്കായ, ചക്ക, കപ്പ, പൈനാപ്പിൾ, എന്നിവ വാക്വംഫ്രൈ സിസ്റ്റത്തിലൂടെ വറുത്തെടുത്തു. സാധാരണ വറുത്തെടുക്കുമ്പോൾ ഉപ്പേരിയിലുള്ള എണ്ണയുടെ അളവിന്റെ 12 ശതമാനം മാത്രമാണ് ഇത്തരത്തിൽ വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്നത്. വാരപ്പെട്ടി വെളിച്ചെണ്ണ, ഡ്രൈഡ് ടപ്പിയോക്ക വിത്ത് മസാല, ബനാന ക്രിസ്പി വാക്വംഫ്രെെ എന്നീ പേരുകളിലാണ് കയറ്റുമതി ചെയ്യുന്നത്. ചെമ്മീൻ ചമ്മന്തിയും സെൻസോഡയും വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്.
ബാങ്ക് ഉത്പാദിപ്പിക്കുന്ന ബനാനവാക്വംഫ്രൈയുടെ ലോഞ്ചിംഗ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി മന്ത്രിയിൽനിന്ന് ആദ്യപാക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ലോഞ്ചിംഗ്. സഹകരണ രജിസ്ട്രാർ ആദില അബ്ദുള്ള യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ബാങ്ക് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ, സെക്രട്ടറി ടി.ആർ. സുനിൽ എന്നിവർ സംസാരിച്ചു.