കൊച്ചി: തുറമുഖത്തെ നിർദിഷ്ട റോൾ ഓൺ റോൾ ഓഫ് (റോറോ) സൗകര്യത്തിന് കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ ഇന്ന് വൈകിട്ട് 3.30ന് തറക്കല്ലിടും. കേന്ദ്ര തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

കേന്ദ്ര സർക്കാരിന്റെ 'സാഗർമാല" പദ്ധതിക്ക് കീഴിലെ റോ-റോ സൗകര്യം, കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലിൽ ക്യൂ ഒന്ന് ബെർത്തിനെയും സൗത്ത് കോൾ ബെർത്തിനെയും ബന്ധിപ്പിച്ചാണ് വികസിപ്പിക്കുന്നത്. 615 ചതുരശ്ര മീറ്ററിൽ ആർ.സി.സി. ജെട്ടിയുടെ നിർമ്മാണവും റോ-റോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും ഇതിൽ ഉൾപ്പെടും.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഹരിത തുറമുഖ സംരംഭത്തിന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായിയാണ് സൗകര്യം വികസിപ്പിക്കുന്നത്. റോ-റോ കപ്പലുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുകയും റോഡുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി അപകടങ്ങൾ കുറയ്ക്കുകയും ചെയ്യും.

കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ലോഗോയും കൊച്ചി കപ്പൽശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.