കൊച്ചി: വൈറ്റിലയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ആലപ്പുഴറൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്ളൈഓവറുകൾ വേണമെന്ന് നാറ്റ്പാക്ക് പഠനറിപ്പോർട്ട്. ഫ്ളൈഓവറുകൾക്കടിയിൽ അപകടരഹിതമായ യൂടേണും കാൽനട യാത്രയ്ക്ക് ആകാശപ്പാതയും നിർമ്മിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പഠനറിപ്പോർട്ട് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചർച്ചചെയ്തു. യോഗത്തിൽ ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ഡിക്‌സൺ, നഗരസഭാ കൗൺസിലർമാർ, ദേശീയ പാത- പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ട്രാഫിക് ഐലൻഡുകളുടെ വീതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളില്ല. ഹ്രസ്വകാല നിർദ്ദേശങ്ങൾ പത്ത് ദിവസത്തിനകം അന്തിമരൂപമാക്കി അവതരിപ്പിക്കണം.ദീർഘകാലത്തേക്ക് അവതരിപ്പിച്ച നിർദ്ദേശങ്ങൾ യോഗം ചർച്ചചെയ്തു. മൂന്നേക്കറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കൽ ചുരുക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. ജനങ്ങൾക്കും കച്ചവടക്കാർക്കും കഴിയുന്നത്ര പ്രയാസം ഒഴിവാക്കി അത്യാവശ്യം സ്ഥലങ്ങളിൽ മാത്രം ഭൂമിഏറ്റെടുത്ത് അവതരിപ്പിച്ച ദീർഘകാലപദ്ധതി പുനർ സമർപ്പിക്കാനാണ് തീരുമാനം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡുകളുടെ ട്രാഫിക് ഐലൻഡുകൾ വെട്ടിച്ചുരുക്കണമെന്ന് പൊലീസ് നിർദ്ദേശം പൊതുമരാമത്ത് ദേശീയപാത ഡിവിഷൻ പരിശോധിച്ച് കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സർക്കാർ ശാസ്ത്രീയപഠനം നടത്താൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയത്.