മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിന് കുറുകെയുള്ള റാക്കാട് - കായനാട് ചെക്ക്ഡാം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയിൽ വിള്ളൽ. റാക്കാട് ഭാഗത്തുനിന്നും പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന റോഡിന്റെസംരക്ഷണഭിത്തിയുടെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇത് ചെക്ക്ഡാം കം ബ്രിഡ്ജിനെ അപകടാവസ്ഥയിലാക്കിക്കഴിഞ്ഞു. ഇരുചക്രവാഹനങ്ങൾ കടന്നുപോകുമ്പോൾപ്പോലും പാലത്തിൽ നിൽക്കുന്നവർക്ക് അനുഭവപ്പെടുന്ന കുലുക്കം ഭീതിപ്പെടുത്തുന്നതാണ്. കഴിഞ്ഞദിവസമാണ് സംരക്ഷണഭിത്തിയിൽ വിള്ളൽകണ്ടത്.
വേനൽക്കാലത്ത് മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് നിലനിറുത്താനായി കായനാട് ചെക്ക്ഡാം കം ബ്രിഡ്ജ് നാല് പതിറ്റാണ്ടു മുമ്പാണ് നിർമിച്ചത്. മൂവാറ്റുപുഴ ആറിന് കുറുകെ വാളകം പഞ്ചായത്തിലെ റാക്കാടിനെയും മാറാടി പഞ്ചായത്തിലെ കായനാടിനേയും ബന്ധിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ ഇരുകരയിലുമുള്ള സംരക്ഷണഭിത്തിയുടേയും പാലത്തിന്റെ കാലുകളുടേയും കോൺക്രീറ്റ് നേരത്തെ തന്നെ ഇളകിയിരുന്നു.ഇതോടെ കായനാട് പാലത്തിന് ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് പുതിയവിള്ളൽ രൂപപ്പെട്ടത്. ചെക്ക്ഡാം ബ്രിഡ്ജ് അടിയന്തരമായി ഷട്ടർ സംവിധാനത്തോടെ പുനർ നിർമ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റും റിപ്പോർട്ടും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.