കുറുപ്പംപടി: കീഴില്ലം - കുറിച്ചിലക്കോട് റോഡിൽ മുടക്കുഴ തൃക്കേപ്പടി ഭാഗത്ത് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി നിന്നിരുന്ന വലിയ ആൽമരം നീണ്ട നാളത്തെ കാത്തിരുപ്പിനുശേഷം വെട്ടിമാറ്റി. 2018ൽ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി പൊതുമരാമത്ത് വകുപ്പ് നടപടിക്രമത്തിനുശേഷം ലേലത്തിന് വച്ചെങ്കിലും ലേലംചെയ്യാൻ ആരുമുണ്ടായില്ല. വീണ്ടും പുതിയ ഭരണസമിതി വന്നതിനുശേഷം ലേലം ചെയ്യാൻ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലേലത്തിൽവച്ചാണ് മരം വെട്ടിമാറ്റുന്നത്. ആൽമരത്തിൽ രണ്ടുമാസം മുമ്പ് വൻമാതാളിക്കൂടും പ്രത്യക്ഷപ്പെട്ടു. ആലിന്റെ സമീപത്ത് റോഡ് തകർച്ചമൂലം പല അപകടങ്ങളും പതിവായി. വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റിയാണ് മരം വെട്ടിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, വത്സ വേലായുധൻ, ഡോളി ബാബു, എൻ.പി. രാജീവ് എന്നിവർ നേതൃത്വം നൽകി.