കുമ്പളങ്ങി: ഗ്രാമപഞ്ചായത്തിലെ ഇടത്തോടുകൾക്ക് ഐശ്വര്യത്തിന്റെ കൈയ്യൊപ്പുമായി കയർഭൂവസ്ത്രമെത്തി. പത്താം വാർഡ് ഭാഗത്തെ തോടുകളാണ് കയർ ഭൂവസ്ത്രമണിഞ്ഞു കൊണ്ടിരിക്കുന്നത്. മേറ്റ് ഇന്ദിരാ സതീശന്റെയും സി.ഡി.എസ് മോളി ജോർജ്ജിന്റെയും നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചുദിവസം വീതം തൊഴിൽ നൽകി പ്രതിദിനം 20 മീറ്ററെങ്കിലും ഭൂവസ്ത്രം അണിയിക്കണമെന്ന നിർദ്ദേശമാണിവർക്ക് ലഭിച്ചിട്ടുള്ളത്. വാർഡിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സഹായകമാകുന്ന ഈ പദ്ധതിക്ക് മൂന്നര ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വാർഡ് മെമ്പർ പ്രവീൺ ഭാർഗ്ഗവനും പഞ്ചായത്ത് പ്രസിഡന്റ് ലീജ ബാബുവും കേരളകൗമുദിയോട് പറഞ്ഞു.
തിരഞ്ഞെടുത്തിട്ടുള്ള തോടുകളിൽ നിന്ന് ചെളി നീക്കി, അത് വശങ്ങളിൽ തേച്ചുപിടിപ്പിച്ച് ചിറ രൂപപ്പെടുത്തിയശേഷമാണ് കയർഭൂവസ്ത്രം അണിയിക്കൽ നടക്കുന്നത്. ഇതിനുശേഷം ഭൂവസ്ത്രത്തെ ബലപ്പെടുത്താനായി ഇതിന്മേൽ പുല്ലുകളും ചെടികളും കൂടി നട്ടുപിടിപ്പിക്കുന്ന പ്രക്രിയയും നടത്തുന്നുണ്ട്.
അതേസമയം ഈ വാർഡിലെ ചിലഭാഗങ്ങളിൽ തോടുകൾ അത്യന്തം ദയനീയമായ സ്ഥിതിയിലാണുള്ളത്.
കുമ്പളങ്ങി കുളക്കടവ് ഭാഗത്തുള്ള ഒരു തോട് അതീവ ഗുരുതരാവസ്ഥയിലാണ്. വൃത്തിഹീനമായ ഈ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിലേക്കും തോടുകളികളിലേക്കും വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ളവ സൃഷ്ടിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും പഞ്ചായത്തിലുണ്ടെന്ന് ഹരിതകർമ്മ സേനാഗം ജിജി പറഞ്ഞു.