പറവൂർ: പരമ്പരാഗത ഉത്പന്നങ്ങളുമായി മുസിരിസ് പൈതൃകോത്സവത്തിൽ തണ്ണീർപ്പന്തൽ പ്രദർശന വില്പനമേള തുടങ്ങി. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. മുസിരിസ് ടൂറിസം സഹകരണസംഘം പ്രസിഡന്റ് രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, ബീന ശശിധരൻ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ടി.വി. നിഥിൻ, ഡി. രാജ്കുമാർ, എൻ.ഐ. പൗലോസ്, ജി. ഗിരീഷ്, ഡെന്നി തോമസ്, എം.കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, പ്രകൃതിവിഭവങ്ങൾ, പഴവർഗങ്ങൾ, ആറന്മുള കണ്ണാടി തുടങ്ങിയവ മേളയിലുണ്ട്. മുസിരിസ് ടൂറിസം സഹകരണസംഘവും കേരള ഫോക്‌ലോർ അക്കാഡമിയും ചേർന്നാണ് ടി.ബി റോഡിനുസമീപം പത്ത്ദിവസം നീണ്ടുനിൽക്കുന്ന മേള സംഘടിപ്പിക്കുന്നത്. എല്ലാദിവസവും വൈകിട്ട് കലാപരിപാടികൾ അരങ്ങേറും. ഇന്ന് വൈകിട്ട് ആറരയ്ക്ക് മുസിരിസ് പൈതൃകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും.