കൊച്ചി: മെട്രോ നഗരിക്ക് കൗതുകം സമ്മാനിച്ച് മലപ്പുറത്തെ കുംഭാര സമുദായത്തിന്റെ കളിമൺ പാത്രങ്ങളുടെയും ചുമർ ചിത്രങ്ങളുടെയും പ്രദർശനം. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാൻ പറ്റുന്നതരം കറിച്ചട്ടികൾ, അപ്പച്ചട്ടികൾ, കൂജകൾ, ജഗ്, മഗ്, കപ്പ് തുടങ്ങിയ അടുക്കള ഉപകരണങ്ങളും അലങ്കാര ഉത്പന്നങ്ങളായ ഗാർഡൻ ജാർ, ഇൻഡോർ പ്ലാന്റ് ചട്ടികൾ, പലതരം മാസ്ക്കുകൾ, മ്യൂറൽസ്, ടെറാകോട്ട ചുമർചിത്രങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ 150ൽപ്പരം ഉത്പന്നങ്ങൾ എക്സിബിഷനിലുണ്ട്. 100 മുതൽ 3000 രൂപ വരെ വിലയുള്ളതാണിവ. എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം എം. സുകുമാരപിള്ള സ്മാരക മന്ദിരത്തിൽ മേയ് 3 വരെയാണ് പ്രദർശനം. മലപ്പുറം നിലമ്പൂർ താലൂക്കിൽ കളിമൺതൊഴിലിൽ ഏർപ്പെട്ടിരുന്ന കുംഭാര സമുദായത്തിൽപ്പെട്ട 500 ൽപ്പരം കുടുംബങ്ങളുണ്ട്. നിലമ്പൂർ ചട്ടികൾ എന്ന പേരിൽ ഇവയുടെ മൺപാത്രങ്ങൾ പ്രസിദ്ധമാണ്.
അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും പുത്തൻ സാങ്കേതികവിദ്യകൾ വശമില്ലാത്തതും മൂലം പുതിയ തലമുറ ഈ തൊഴിൽ രംഗത്ത് കടന്നുവരുന്നില്ല. 50ൽ താഴെ കുടുംബങ്ങളേ ഇപ്പോൾ മൺപാത്ര നിർമ്മാണരംഗത്ത് തുടരുന്നുള്ളൂ. ഇവരെ ഉൾപ്പെടുത്തി രൂപീകരിച്ച അനശ്വരം സ്വയം സഹായസംഘമാണ് കളിമൺ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നത്. അംഗങ്ങൾക്ക് പുത്തൻ സാങ്കേതികവിദ്യയും സംഘം പകർന്നു നൽകുന്നുണ്ട്.