അങ്കമാലി : കുറച്ച് നാളുകളായി മൂക്കന്നൂർ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽനിന്ന് അകലം പാലിച്ചിരുന്ന കാട്ടാനകൾ ഇന്നലെ രാത്രി നാട്ടിലെത്തി സാന്നിദ്ധ്യം അറിയിച്ച് തിരിച്ചുപോയി. കട്ടിംഗിൽ മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡിനോടുചേർന്ന് പരണംകുന്നേൽ വാസു, ചാങ്ങയിൽ വേണുഗോപാൽ എന്നിവരുടെ പുരയിടത്തിലാണ് രാത്രി കാട്ടാനയെത്തിയത്. വലിയ കോലാഹലങ്ങളില്ലാതെ വന്ന കാട്ടാനകൾ ഏതാനും തൈത്തെങ്ങുകളും കുലവാഴകളും നശിപ്പിച്ചിട്ടാണ് തിരിച്ചുപോയത്. ആനവന്ന വിവരം രാത്രി നാട്ടുകാരറിഞ്ഞില്ല. രാവിലെയാണ് വീട്ടുകാർ അറിയുന്നത്. നശിപ്പിച്ച കൃഷിയിടങ്ങളിൽ ആനയുടെ കാൽമുദ്ര യും പിണ്ടവുമുണ്ട്. ഒലിവേലിച്ചിറ വനത്തോട് ചേർന്നുള്ള ഒലിവേലി, എടലക്കാൽ, കട്ടിംഗ് ഭാഗത്ത് സമീപകാലത്തായി കാട്ട്പന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം രൂക്ഷമാണ്. കാർഷികവിളകൾ പൂർണമായും നശിപ്പിക്കുകയാണ്. ചേന, ചേമ്പ്, പച്ചക്കറി, നെല്ല് തുടങ്ങിയ വിളകൾ കാട്ടുപന്നികളും ജാതിക്ക, തേങ്ങ, ചക്ക, മാങ്ങ എന്നിവ മലയണ്ണാന്മാരും വ്യാപകമായി നശിപ്പിക്കുന്നു.
വനത്തിന് സമീപത്തുള്ള ജനവാസമേഖലകളിൽ ജീവിതം ദുസഹമായി മാറുകയാണ്. വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ പ്രവേശിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും നാശങ്ങൾ വരുത്തുമ്പോൾ വനംവകുപ്പ് അധികൃതർ നിസംഗത പാലിക്കുന്നതായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ആരോപിച്ചു. വനാതിർത്തിയിൽ വൈദ്യുതിവേലി നിർമ്മിക്കുന്നതിനും കിടങ്ങുകൾ സ്ഥാപിക്കുന്നതിനും നടപടിയെടുക്കണമെന്ന് ടി. എം. വർഗീസ് ആവശ്യപ്പെട്ടു.