പറവൂർ: ദേശീയപാത 66 നിർമാണത്തിന് വേണ്ടിയുള്ള സാമഗ്രികൾ എത്തിച്ചുതുടങ്ങി. കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെയുള്ള 24 കിലോമീറ്ററിൽ റോഡ് നിർമ്മിക്കാൻ കരാറെടുത്തിട്ടുള്ളത് ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് കമ്പനിയാണ്. ഏപ്രിലിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാനായിരുന്നു ശ്രമം. മേയ് അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. 2025നകം പണി പൂർത്തിയാക്കാനാണ് ശ്രമം. സ്ഥലം ഏറ്റെടുത്ത സ്ഥലത്തെ നിർമ്മാണങ്ങൾ ആദ്യംതുടങ്ങും. വലിയ പാലങ്ങളുടെ പണി ഉടനെ തുടങ്ങിയേക്കും. പാലങ്ങളും റോഡും ഒരേസമയം പണിയാനാണ് പദ്ധതി. കോട്ടപ്പുറത്തുനിന്ന് വി.പി തുരുത്തിലേക്കും അവിടെനിന്ന് മൂത്തകുന്നത്തേക്കുമുള്ള സമാന്തരപാലം, വരാപ്പുഴ സമാന്തര പാലം എന്നിവ ഉൾപ്പെടെ 18 പാലങ്ങൾ നിർമ്മിക്കാനുണ്ട്. കോട്ടപ്പുറം പാലം നിർമ്മാണത്തിനായി കരയിലും പുഴയിലും മണ്ണ്, പാറ എന്നിവയുടെ പരിശോധനകൾ നടന്നുവരികയാണ്.