ആലുവ: ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സൈജി ജോളിയെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സൈജി ജോളിയുടെ ഒഴിവിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ലിസ ജോൺസനെയും തീരുമാനിച്ചു. പാർലമെന്ററി പാർട്ടി യോഗം ആരംഭിക്കുന്നതിന് മുമ്പേ അൻവർ സാദത്ത് എം.എൽ.എയും നഗരസഭാ ചെയർമാൻ എം.ഒ. ജോണും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു തുടങ്ങിയവരും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു.
വൈസ് ചെയർപേഴ്സൺ സ്ഥാനത്തിനായി എ - ഐ ഗ്രൂപ്പുകൾ ശക്തമായി നിലപാട് സ്വീകരിച്ചിരുന്നു. സൈജിയെ എ ഗ്രൂപ്പും ലിസയെ ഐ ഗ്രൂപ്പുമാണ് പിന്തുണച്ചത്. മേയ് അഞ്ചിനാണ് വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അതിന് ശേഷമായിരിക്കും. വൈസ് ചെയർപേഴ്സൺ അദ്ധ്യക്ഷയാകുന്ന ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിലവിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഇതിലെ അംഗമാണ് രാജിവച്ച് പൊതുമരാമത്ത് അദ്ധ്യക്ഷയാകുന്നത്. വൈസ് ചെയർപേഴ്സനായിരുന്ന ജെബി മേത്തർ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സൈജിയും ലിസയും രണ്ടാംവട്ടമാണ് കൗൺസിലിലെത്തുന്നത്. 26 അംഗ കൗൺസിലിൽ നിലവിൽ 25 അംഗങ്ങളാണുള്ളത്. കോൺഗ്രസ് 13, എൽ.ഡി.എഫ് 7, ബി.ജെ.പി 4, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില.