joy-alukkas

 ഐ.പി.ഒ: സമാഹരണലക്ഷ്യം ₹2,​300 കോടി

കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസും ഓഹരി വിപണിയിലേക്ക്. ഇതിനോട് അനുബന്ധിച്ചുള്ള പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ)​ അപേക്ഷ (ഡി.ആർ.എച്ച്.പി)​ സെബിക്ക് സമർപ്പിച്ചു. പത്തുരൂപ മുഖവിലയുള്ള പുതിയ ഓഹരികളാണ് (ഫ്രഷ് ഇഷ്യൂ)​ വിറ്റഴിക്കുക.

2,​300 കോടി രൂപയുടെ സമാഹരണമാണ് പ്രതീക്ഷിക്കുന്നത്. 50 ശതമാനംവരെ ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി മാറ്റിവയ്ക്കും. 15 ശതമാനം വരെ ഓഹരികൾ സ്ഥാപനേതര നിക്ഷേപക സ്ഥാപനങ്ങൾക്കും 35 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്കുമാണ്.

സമാഹരിക്കുന്ന തുകയിൽ 1,​400 കോടി രൂപ കടങ്ങൾ മുൻകൂട്ടി ഉൾപ്പെടെ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും. 463.90 കോടി രൂപ പുതിയ എട്ടുഷോറൂമുകൾക്കായും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും.

പുതിയ ചുവടുവയ്പ്പ്

ജുവലറി രംഗത്ത് 33 വർഷത്തെ പ്രവർത്തനപരിചയമുള്ള പ്രമോട്ടറും മാനേജിംഗ് ഡയറക്‌ടറുമായ ആലുക്കാസ് വർഗീസ് ജോയ് 2002ൽ കോട്ടയത്താണ് ജോയ് ആലുക്കാസ് ജുവലറിക്ക് തുടക്കമിട്ടത്. നിലവിൽ ഇന്ത്യയിൽ 68 നഗരങ്ങളിലായി 85 ഷോറൂമുകളുണ്ട്. തൃശൂർ സ്വദേശിയായ ജോയ് ആലുക്കാസാണ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറും.

 2020-21ൽ കമ്പനിയുടെ ലാഭം 471.75 കോടി രൂപ; വരുമാനം 8,​066.29 കോടി രൂപ.

 ഇന്ത്യയ്ക്ക് പുറമേ ഗൾഫ്,​ അമേരിക്ക,​ ബ്രിട്ടൻ,​ സിംഗപ്പൂർ,​ മലേഷ്യ എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്.

 വരുമാനത്തിന്റെ 93.3 ശതമാനവും ദക്ഷിണമേഖലയിൽ നിന്ന്.

 രണ്ടുവർഷത്തിനകം തെലങ്കാന,​ മഹാരാഷ്‌ട്ര,​ ഒഡീഷ,​ കർണാടക എന്നിവിടങ്ങളിലായി എട്ട് പുതിയ ഷോറൂമുകൾ തുറക്കും.

 ഇന്ത്യയിലെ ബിസിനസാണ് ഐ.പി.ഒയ്ക്ക് വയ്ക്കുന്നത്.