karikkakam

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെയും മഹാകുംഭാഭിഷേകത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടക സമിതി രക്ഷാധികാരി കൂടിയായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് പി.ഡബ്ളിയു.ഡിയും കോർപ്പറേഷനും അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന് കുറുകെ താത്കാലിക പാലം സ്ഥാപിക്കും. ക്ഷേത്ര പരിസരത്ത് പൊലീസിന്റെയും ട്രാഫിക്കിന്റെയും കൺട്രോൾറൂം പ്രവർത്തിക്കും. പൊങ്കാല ദിവസം ശംഖുംമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെ 300 ഓളം പൊലീസുകാരുടെയും ഫയർഫോഴ്സിന്റെയും സേവനം ലഭ്യമാക്കും.
ഉത്സവ ദിവസങ്ങളിൽ ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ക്ഷേത്ര പരിസരത്ത് സ്റ്റേഷൻമാസ്റ്റർ ഓഫീസും പൊങ്കാല ദിവസം വിവിധ ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്ക് ബസ് സർവീസും ഉണ്ടാകും.

കുടിവെള്ള വിതരണത്തിന് ജലവകുപ്പും കോർപ്പറേഷനും 50 അഡീഷണൽ ടാപ്പുകളും വിവിധ സ്ഥലങ്ങളിൽ വാട്ടർ ടാങ്കുകളും സ്ഥാപിക്കും. ഡോക്ടർമാരുടെ സേവനവും ഫസ്റ്റ്എയ്ഡും ആംബുലൻസ് സേവനവും ലഭ്യമാക്കും.

ഭക്ഷ്യസുരക്ഷാ വിഭാഗം വാർഡുകൾ കേന്ദ്രീകരിച്ച് സ്ക്വാഡുകളുണ്ടാകും. ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ താത്കാലിക ജീവനക്കാരെ നിയോഗിക്കുമെന്ന് നഗരസഭ അറിയിച്ചു.

യോഗത്തിൽ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കരിക്കകം വാർഡ് കൗൺസിലർ ഡി.ജി. കുമാരൻ, ട്രസ്റ്റ് സെക്രട്ടറി ഭാർഗവൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവ നടത്തിപ്പിനായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ രക്ഷാധികാരിയായും മേയർ ആര്യ രാജേന്ദ്രൻ ചെയർമാനായും സ്വാഗതസംഘം രൂപീകരിച്ചു.