ports

 2021-22ലെ ചരക്കുനീക്കം റെക്കാഡ് ഉയരത്തിൽ

കൊച്ചി: രാജ്യത്തെ മേജർ തുറമുഖങ്ങളിലൊന്നായ കൊച്ചി, കഴിഞ്ഞ സാമ്പത്തികവർഷം ചരക്കുനീക്കത്തിൽ കുറിച്ചത് എക്കാലത്തെയും മികച്ച ഉയരം. കൊവിഡ് പ്രതിസന്ധികൾക്കിടയിലും 2020-21നേക്കാൾ 9.68 ശതമാനം വളർച്ചയോടെ 34.55 മില്യൺ ടൺ ചരക്ക് കഴിഞ്ഞവർഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്‌തു.

7.36 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌ത് മേജർ തുറമുഖങ്ങളിൽ നാലാംസ്ഥാനവും കൊച്ചി സ്വന്തമാക്കി. 2020-21നേക്കാൾ 6.65 ശതമാനം അധികമാണിത്. പെട്രോളിയം ഉത്പന്നങ്ങളുടെ (പി.ഒ.എൽ - പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ്‌സ്) നീക്കം 13 ശതമാനം വർദ്ധിച്ച് 21.07 മില്യൺ ടണ്ണിലെത്തിയത് കഴിഞ്ഞവർഷം കൊച്ചി തുറമുഖത്തിന് വലിയ നേട്ടമായി.

റോഡ് മാർഗം പോകേണ്ട ഒട്ടേറെ ചരക്കുകൾ കേന്ദ്രസർക്കാരിന്റെ 'സാഗർമാല പദ്ധതി"ക്ക് പിന്തുണയുമായി കടൽമാർഗമാക്കിയതും കൊച്ചിക്ക് ഗുണമായി. കാപ്രോലാക്‌ടം, അക്രിലിക് ആസിഡ് തുടങ്ങി നിരവധി പുതിയ ഉത്‌പന്നങ്ങൾ കൈകാര്യം ചെയ്യാൻ ഇതോടെ കൊച്ചിക്ക് കഴിഞ്ഞു.

റെക്കാഡിന്റെ തീരത്ത്

വല്ലാർപാടം ടെർമിനലും

വല്ലാർപാടത്തെ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി) 2021-22ൽ കൈകാര്യം ചെയ്തത് കൊവിഡ് പ്രതിസന്ധിയിൽ ആടിയുലഞ്ഞ 2020-21ലേക്കാൾ ഇരട്ടിയോളം നേട്ടവുമായി 1.56 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകൾ. ഇത് സർവകാല റെക്കാഡാണ്. 2020-21ലെ നീക്കം 86,761 കണ്ടെയ്‌നറുകളായിരുന്നു.

ആകർഷക ഫീസ് നിരക്കുകളും മികവുറ്റ അടിസ്ഥാനസൗകര്യവും സേവനങ്ങളുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്റ് വ്യക്തമാക്കി.

മേജർ മുന്നേറ്റം

കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള 13 മേജർ തുറമുഖങ്ങളും കൂടി 2021-22ൽ കൈകാര്യം ചെയ്‌തത് 6.94 ശതമാനം വളർച്ചയോടെ 719.38 മില്യൺ ടൺ ചരക്ക്. ഇന്ത്യ വഴിയുള്ള മൊത്തം ചരക്കുനീക്കത്തിന്റെ 95 ശതമാനവും കൈകാര്യം ചെയ്‌തത് മേജർ തുറമുഖങ്ങളാണ്. ഇതിൽ പാതിയും കടന്നുപോയത് നവി മുംബയിലെ ജവഹർലാൽ നെഹ്‌റു തുറമുഖം വഴി.

5 തുറമുഖങ്ങൾ എക്കാലത്തെയും ഉയർന്ന വളർച്ചയും കൈവരിച്ചു; അവ:

 കാമരാജർ : 49.6%

 ജെ.എൻ.പി.ടി : 17.3%

 ദീൻദയാൽ : 8.1%

 മുംബയ് : 11.5%

 കൊച്ചി : 9.68%

കൂടെപ്പോന്നു, ഒന്നാംസ്ഥാനം

ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌ത കണ്ടെയ്‌നർ ടെർമിനലിനുള്ള പട്ടം കഴിഞ്ഞമാസം ചൂടിയത് ഡി.പി. വേൾഡിന് നിയന്ത്രണച്ചുമതലയുള്ള വല്ലാർപാടം ടെർ‌മിനലാണ്. 16 ശതമാനം വിപണിവിഹിതവുമായി 62,774 ടി.ഇ.യു കണ്ടെയ്‌നറുകൾ വല്ലാർപാടം വഴി മാർച്ചിൽ കടന്നുപോയി.