
ആര്യനാട്:ശക്തമായ കാറ്റിലും മഴയിലും സ്‌കൂൾ കെട്ടിടങ്ങൾക്കും സ്‌കൂൾ ബസിനും നാശം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇടിമിന്നലോടെ മഴയും കാറ്റും ആരംഭിച്ചത്.ആര്യനാട് ഹയർസെക്കൻഡറി സ്കൂളും സമീപത്തുള്ള എൽ.പി.എസിലും മരങ്ങൾ കടപുഴകി സ്കൂൾ കെട്ടിടങ്ങൾക്ക് മേൽ പതിച്ചു.ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ സ്കൂളിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. നിറുത്തിയിട്ടിരിക്കുകയായിരുന്ന സ്കൂൾ ബസിന്റെ ഗ്ലാസുകൾ തകരുകയും ലൈബ്രറി കെട്ടിടം,ശൗചാലയം എന്നിവയ്ക്കും സാരമായ നാശ നഷ്ടമുണ്ടായി. ഈ സമയം കുട്ടികൾ ഇല്ലാതിരുന്നതിനാൽ മറ്റു അനിഷ്ടസംഭവങ്ങളുണ്ടായില്ല.
ജി.സ്റ്റീഫൻ എം.എൽ.എ സ്‌കൂളുകൾ സന്ദർശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷുമായും ജില്ലാ പഞ്ചായത്ത് അധികൃതരുമായും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ വിലയിരുത്താനും അടിയന്തരമായി പുനർപ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ,സ്കൂൾ അധിക്യതർ,പി.ടി.എ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.ശക്തമായ മഴയിലും കാറ്റിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക നാശം.ഉഴമലയ്ക്കൽ അയ്യപ്പൻകുഴി പഞ്ചായത്ത് ഓഫീസിന് സമീപം സുകുമാരൻ നായരുടെ വീടിനാണ് നാശം സംഭവിച്ചത്.സമീപത്തു നിന്ന തെങ്ങ്,റബ്ബർ മരങ്ങൾ എന്നിവ ഒടിഞ്ഞുവീണാണ് വീടിന് തകരാറുണ്ടായത്.പേരില കാഞ്ഞിരംപാറ കിഴക്കുംകര വീട്ടിൽ എം.വി.ഷൈനിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ നശിച്ചു.അയ്യപ്പൻ കുഴി - കാരനാട് റോഡിൽ കിഴങ്ങുവിളക്കുന്നിൽ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.