തിരുവനന്തപുരം: ഗർഭിണികളായ സ്ത്രീകളിൽ അപൂർവമായി കാണപ്പെടുന്നതും മരണസാദ്ധ്യതയുള്ളതുമായ അംനിയോട്ടിക് ഫ്ളൂയിഡ് എമ്പോളിസത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് കിംസ് ഹെൽത്തിലെ എക്സ്ട്രാ കോർപോറിയൽ മെമ്പ്രേയിൻ ഓക്‌സിജനേഷൻ (എക്‌മോ) ചികിത്സ. പ്രസവവേദനയ്ക്കിടെ രണ്ട് തവണ ഹൃദയസ്തംഭനമുണ്ടായ യുവതിക്കാണ് എക്‌മോയിലൂടെ പുതുജീവൻ ലഭിച്ചത്.പ്രസവത്തിനായി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ആദ്യ ഹൃദയസ്തംഭനത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വീണ്ടും ഹൃദയസ്തംഭനം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കിംസിലെത്തിച്ചത്. തുടർന്ന് യുവതിക്ക് വീണ്ടും ഹൃദയസ്തംഭനമുണ്ടായി. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞോടെയാണ് എക്‌മോ യന്ത്രത്തിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിന്റെയോ ഹൃദയത്തിന്റെയോ സഹായമില്ലാതെ രക്തം ശരീരത്തിന് പുറത്തേക്ക് എത്തിച്ച് എക്‌മോയുടെ സഹായത്തോടെ ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് കയറ്റുന്ന ചികിത്സാരീതിയാണിത്. ആറ് ദിവസത്തിനു ശേഷമാണ് ഹൃദയവും ശ്വാസകോശവും സാധാരണ രീതിയിലായത്. കാർഡിയാക്‌തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഷാജി പാലങ്ങാടൻ,ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.സജിത് മോഹൻ.ആർ, സീനിയർ കൺസൾട്ടന്റ് ഡോ. രാധാമണി ഡി, കാർഡിയോതൊറാസിക് അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.സുഭാഷ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ തുടങ്ങിയവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.