വെള്ളറട: തെക്കൻ കുരിശുമല 65-ാമത് മഹാതീർത്ഥാടനം രണ്ടാംഘട്ടം നാളെ ആരംഭിക്കും. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ പകലും രാത്രിയിലും, മറ്റ് ദിവസങ്ങളിൽ പകൽ സമയം മലകയറുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടനകേന്ദ്രം ഡയറക്ടർ അറിയിച്ചു. പെസഹാവ്യാഴം രാവിലെ 5 മുതൽ നെറുകയിലേക്ക് കുരിശിന്റെ വഴി ആരംഭിക്കും സംഗമവേദിയിലും, ആരാധനാചാപ്പലിലും, നെറുകയിലും വിവിധ ശുശ്രൂഷകൾ നടക്കും. വൈകിട്ട് 6ന് സംഗമവേദിയിൽ ദിവ്യബലിയും പാദക്ഷാളന കർമ്മവും നടക്കും. ഉണ്ടൻകോട് ഇടവക സഹവികാരി ഫാ.അരുൺകുമാർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ ആരാധന.
ദുഃഖവെള്ളിയാഴ്ച രാവിലെ 5 മുതൽ നെറുകയിലേക്ക് കുരിശിന്റെ വഴി, 6ന് സംഗമവേദിയിൽ ദിവ്യകാരുണ്യ ആരാധനയും, പീഡാനുഭവ ഗാനശുശ്രൂഷയും നടക്കും. ബ്രദർ കുര്യൻ മാളിയേക്കൽ കോട്ടയം നേതൃത്വം നൽകും. സന്തോഷ് പരശുവയ്ക്കൽ ഗാന ശുശ്രൂഷ നടത്തും. ഉച്ചയ്ക്ക് 2ന് പി.പത്താം പീയൂസ് ദേവാലയത്തിൽ നിന്ന് ആരാധനാ ചാപ്പലിലേക്ക് പരിഹാര സ്ലീവാപാത നടക്കും. വൈകിട്ട് 3ന് കർത്താവിന്റെ പീഡാസഹനാനുസ്മരണ ശുശ്രൂഷൾക്ക് ഡോ.വിൻസെന്റ് കെ.പീറ്റർ മുഖ്യകർമ്മികത്വം വഹിക്കും. ശനിയാഴ്ച രാത്രി 8ന് സംഗമവേദിയിൽ ഉത്ഥാനമഹോത്സവും പെസഹാജാഗരാനുഷ്ഠാനവും ഫാ.അരുൺ കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഷിബു കുരിശുമല നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും നടക്കും.