തിരുവനന്തപുരം: പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിന് മുന്നിലെ അംബേദ്കർ പ്രതിമയിൽ മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കും കണ്ണമ്മൂല കോളനി നിവാസികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരെയും ആദരിച്ചു. 1995ൽ ചെക്കോട് വാർഡിൽ നിന്ന് ആദ്യമായി താമര അടയാളത്തിൽ മത്സരിച്ച് വിജയിച്ച എസ്.കെ. ചന്ദ്രനെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പുഞ്ചക്കരി രതീഷ്, ട്രഷറർ വഴയില നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ, മീഡിയാസെൽ കൺവീനർ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പാറശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജയന്തി ആഘോഷം കൈമൻ കാലയിൽ എസ്.സി മോർച്ച സംസ്ഥാന സമിതി അംഗം രമേശ് കൊച്ചുമുറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രദീപ്, മോർച്ച മണ്ഡലം പ്രസിഡന്റ് ആലത്തൂർ ഷാജി എന്നിവർ നേതൃത്വം നൽകി. കിളിമാനൂരിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം ബി.ജെ.പി. ജില്ലാ സെക്രട്ടറി മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് ഉഷ, മധു എന്നിവർ നേതൃത്വം നൽകി.