dollar

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ അഞ്ചാം ആഴ്‌ചയിലും ഇടിഞ്ഞു. രൂപയുടെ മൂല്യത്തകർച്ച തടയാനായി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതാണ് ഇതിനു കാരണം. ഏപ്രിൽ എട്ടിന് സമാപിച്ച ആഴ്‌ചയിൽ 247.1 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 60,​400.4 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

2,​850 കോടി ഡോളറാണ് അഞ്ചാഴ്ചയ്ക്കിടയിലെ ഇടിവ്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ)​ 1,​070 കോടി ഡോളർ ഇടിഞ്ഞ് 53,​972.7 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ,​ പൗണ്ട്,​ യെൻ എന്നിവയും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലുണ്ട്.

$64,245.3 കോടി

2021 സെപ്‌തംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ കുറിച്ച 64,​245.3 കോടി ഡോളറാണ് ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന വിദേശ നാണയശേഖരം.

12

നിലവിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 12 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്. ഒരുവർഷം മുമ്പ് ഇത് 17.5 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു.

98.8%

ഇന്ത്യയുടെ മൊത്തം വിദേശകടത്തിന്റെ 98.8 ശതമാനത്തിന് തുല്യമാണ് ഇപ്പോൾ വിദേശ നാണയശേഖരം.

പിൻവലിയുന്ന വിദേശപ്പണം

വിദേശനാണയ ശേഖരം ഇടിയാനുള്ള മുഖ്യകാരണങ്ങൾ:

1. ക്രൂഡ് വില വർദ്ധനയുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നു

2. ഇന്ത്യയുടെ ഇറക്കുമതി എക്കാലത്തെയും ഉയരത്തിൽ

3. മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നു