തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ ഫ്ലൈഓവർ മന്ത്രി വീണാ ജോർജ്ജ് സന്ദർശിച്ചു. അവസാനവട്ട ജോലികൾ പൂർത്തിയാക്കി എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. സമഗ്ര മാസ്റ്റർപ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഫ്ലൈഓവർ നിർമ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയതെന്നും കാമ്പസിലുള്ള 6 പ്രധാന റോഡുകളുടെയും പാലത്തിന്റെയും നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, കൗൺസിലർ ഡി.ആർ. അനിൽ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.