kseb

തൊടുപുഴ: മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം (800 മെഗാവാട്ട്) യാഥാർത്ഥ്യമായാൽ ഇടുക്കി കേരളത്തിന്റെ പവർബാങ്കാകും. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം ഇരട്ടിയാകുന്നതോടെ സംസ്ഥാനത്തെ ഊർജ്ജക്ഷാമത്തിനും ഒരുപരിധിവരെ പരിഹാരമാകും. വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ)​ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്) ഡിസംബറിൽ കെ.എസ്.ഇ.ബിക്ക് സമർപ്പിക്കും. മാർച്ചിൽ ആഗോള ടെൻഡർ വിളിക്കും. 2024ൽ നിർമാണം ആരംഭിക്കാനാകും. പൂർത്തിയാകാൻ 4-5 വർഷമെടുക്കും. ചെലവ് 2,670 കോടി.

കേരളത്തിന്റെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം 83.05 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉത്പാദനം 28.45 ദശലക്ഷം യൂണിറ്റ്. കെ.എസ്.ഇ.ബി പുറത്തുനിന്ന് വാങ്ങുന്നത് 54.60 ദശലക്ഷം യൂണിറ്റ്. ഇതിന് 24- 25 കോടി പ്രതിദിന ചെലവ്. പുതിയത് വരുന്നതോടെ അഞ്ച് കോടിയെങ്കിലും പ്രതിദിനം ലാഭമുണ്ടാകും. പ്രളയസമയത്ത് ഡാം നിറയുമ്പോൾ കാര്യമായി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ടിയും വരില്ല.

 ശേഷി 1580 മെഗാവാട്ടാകും
നിലവിലെ നിലയത്തിൽ 780 മെഗാവാട്ടാണ് ഉത്പാദനശേഷി. പുതിയതിൽ 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളുണ്ടാകും. ഇതോടെ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടാകും. മൂലമറ്റത്ത് നിലവിലെ നിലയത്തിനടുത്തു തന്നെയാകും പുതിയ ഭൂഗർഭ നിലയവും. വൈദ്യുതി ഉത്പാദന ശേഷം വെള്ളം മലങ്കര ജലാശയത്തിലേക്ക് വിടും. നിലവിലെ പവർഹൗസിൽ 40 വർഷം പഴക്കമുള്ള ജനറേറ്ററുകൾ തകരാറിലാകുന്നത് നിത്യസംഭവമാണ്. മാസങ്ങൾക്ക് മുമ്പും പവർഹൗസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായി മണിക്കൂറുകളോളം വൈദ്യുതി ഉത്പാദനം നിറുത്തിയിരുന്നു. പുതിയത് വരുന്നതോടെ ഇതിനുമൊരു പരിഹാരമാകും.