റബ്ബറൈസ്ഡ് റോഡെന്ന് റിക്കാർഡിൽ
മൂലമറ്റം: അശോക കവല മുതൽ മൂലമറ്റം ടൗൺ വരെയുള്ള രണ്ടര കിലോമീറ്റർ റോഡ് തകർന്നിട്ട് വർഷങ്ങളേറെയായി. എന്നാൽ ഈ റോഡ് ആധുനിക രീതിയിൽ പുതുക്കി പണിയണം എന്നുള്ള ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. യാത്ര ദുസ്സഹമായി ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോൾ റോഡിൽ അവിടെയും ഇവിടെയുമായി കുഴിയടച്ച് പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ് അധികൃതർ വർഷങ്ങളായി ചെയ്യുന്നത്. തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമാണ് അറക്കുളം അശോക കവല മുതൽ മൂലമറ്റം വരെയുള്ള റോഡ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ റോഡിൽ 10 വർഷം മുമ്പാണ് അറ്റകുറ്റ പണികൾ നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. തകർന്ന് ദുസ്സഹമായ റോഡിലൂടെയാണ് ചെറുതോണി, കട്ടപ്പന, വാഗമൺ, കുമളി എന്നിവിടങ്ങളിലേക്കുള്ള ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും നിത്യേന കടന്ന് പോകുന്നത്. മൂലമറ്റത്തുള്ള വൈദ്യുതി നിലയത്തിലേക്ക് പുറം ലോകത്ത് നിന്ന് ആളുകൾക്ക് എത്തപ്പെടാൻ ഏക പാതയും ഇതാണ്. സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകൾക്കായി രണ്ട് സ്റ്റാൻഡുകളും മൂലമറ്റം ടൗണിലുണ്ട്. വിവിധ സർക്കാർ ഓഫീസുകൾ, കെ.എസ്.ഇ.ബി കാര്യാലയങ്ങൾ, അഗ്‌നിരക്ഷാ കേന്ദ്രം എന്നിവിടങ്ങളിലേക്കും ഈ തകർന്ന റോഡ് മാത്രമാണ് ആശ്രയം. തൊടുപുഴ പുളിയൻമല സംസ്ഥാന പാത പൂർണ്ണമായും ആധുനിക രീതിയിൽ റബറൈസ്ഡ് ടാറിങ്ങ് നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ ആവർത്തിച്ച് പറയുന്നതും രേഖകളിലുള്ളതും. എന്നാൽ ഇതേ റോഡിന്റെ ഭാഗമായ അശോക കവല മുതൽ മൂലമറ്റം വരെ റബറൈസ്ഡ് ടാറിങും ആധുനിക നിർമ്മാണവും നടത്തിയിട്ടേയില്ല. ഉദ്യോഗസ്ഥരും കരാറുകാരും നടത്തുന്ന ഒത്തുകളിയുടെ ഭാഗമായി ഇവിടേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്.
ജനങ്ങൾ
പ്രക്ഷോഭത്തിലേക്ക്
റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിയിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർച്ചായി ഗർത്തങ്ങളിൽ ചാടുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾക്ക് കൂടുതൽ കേട് സംഭവിക്കുന്നുണ്ടെന്നും പറയുന്നു. റോഡിനോടുള്ള പൊതുമരാമത്ത് വകുപ്പിന്റെ തുടർച്ചയായുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ
പുതിയതായി ടാർ ചെയ്തു,
ഉടനേ ഇളകി
പീരുമേട്: കല്ലാർ പരുന്തുംപാറ പി.ഡബ്ല്യു.ഡി റോഡിലെ പുതുതായി ചെയ്ത ടാർ ഇളകി പോകുന്നതായി പരാതി. കല്ലാറിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമാണ് ടാർ ചെയ്യുന്നത്. പരുന്തുംപാറ റോഡിൽ പുതുതായി ടാർ ചെയ്യുന്നതിൽ പലഭാഗങ്ങളിലും പൊളിഞ്ഞു പോയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനിയിലെ പ്ലാന്റിൽ നിന്ന് ടാർ മിക്‌സ് ചെയ്ത് ഇവിടെ എത്തിച്ചാണ് ടാർ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് രണ്ടു മണിക്കൂറിലധികം സമയമെടുക്കും ഇവിടെ എത്താൻ. ദൂരം കൂടുന്നതു മൂലം മിക്‌സ് ചെയ്ത ടാർ തണുക്കാനിടയാകുന്നുണ്ട്. ഇതാണ് ടാറ് ഇളകാൻ കാരണം. ഇതുമൂലം റോഡിൽ ടാർ ഇട്ട് റോളർ കയറ്റി ഇറക്കിയാലും വേണ്ടത്ര ഉറപ്പുണ്ടാകുന്നില്ല.