യാത്രക്കാർക്ക് തുണയായത് കേരളകൗമുദി വാർത്ത

തൊടുപുഴ: കെ.എസ്.ആർ.ടി.സി മൂന്നാർ ഓപ്പറേറ്റിംഗ് സെന്ററിൽ അവധി ദിവസങ്ങളിൽ കിടന്ന് മൂന്നാർ- കോട്ടയം ബസ് വിശ്രമിക്കേണ്ട,​ ഇന്ന് മുതൽ സർവ്വീസ് പുനരാരംഭിക്കാൻ തിരുമാനിച്ചു. കളക്ഷൻ ഇല്ലെന്ന കാരണം പറഞ്ഞ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബസ് സർവീസിന് അയച്ചിരുന്നില്ല. മറ്റു ദിവസങ്ങളിലെല്ലം ശരാശരി കളക്ഷൻ ലഭിച്ചിരുന്ന ബസ് സർവീസ് അയക്കാത്തതിനെ തുടർന്ന് യാത്രക്കാർക്കുണ്ടാകുന്ന ദുരിതത്തെ സംബന്ധിച്ച് മാർച്ച് 23ന് കേരളകൗമുദി പ്രസിദ്ധികരിച്ച വാർത്തയിൽ കെ.എസ്.ആർ.ടി.സി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് മൂന്നാർ, അടിമാലി മേഖലകളിൽ നിന്നുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ ബസ് അനുഗ്രഹമായിരുന്നു. മൂന്നാറിൽ നിന്ന് രാവിലെ 9.40ന് തൊടുപുഴയിലെത്തി വൈകിട്ട് അഞ്ചിന് തിരികെ പോയിരുന്ന ബസ് ഓർഡിനറി സർവീസായിട്ടാണ് ആദ്യം ഓടിച്ചിരുന്നത്. പിന്നീട് ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പായി കോട്ടയത്തേക്ക് നീട്ടുകയായിരുന്നു. കുറച്ച് നാളുകളായി അവധി ദിവസങ്ങൾ ഒഴിവാക്കിയായിരുന്നു സർവ്വീസ്. മൂന്നാറിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലൂടെ ഊന്നുകല്ലിലെത്തി തൊടുപുഴ വഴി കോട്ടയം പോകുന്ന ബസ് സർവ്വീസാണിത്. വിനോദ സഞ്ചാരികൾക്ക് കൂടി സഹായകരമാകുന്ന ബസ് അവധി ദിവസവും ഓടുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധനവിനും സാദ്ധ്യതയേറും.