തൊടുപുഴ:പദ്ധതി നിർവ്വഹണത്തിൽ തുടർച്ചയായി രണ്ടാംവർഷവും നൂറുമേനി കൊയ്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. 2021- 22 വർഷം അനുവദിച്ച വികസന ഫണ്ടിൽ പട്ടികജാതി, പട്ടികവർഗ്ഗ, ജനറൽ വിഭാഗങ്ങളിലായി ലഭിച്ച 100 ശതമാനവും കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡായി ലഭിച്ച തുകയിൽ നൂറു ശതമാനവും ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ മേഖലയ്ക്കും, പാർപ്പിട മേഖലയ്ക്കും പ്രാധാന്യം നൽകി ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് അറിയിച്ചു.

കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കൽ, കുടിവെള്ള ക്ഷാമം രൂക്ഷമായ മൂരിപ്പാറ, അപ്പമല, മയിലാടുംപാറ, കുഴിയനാൽകുന്ന്, പറത്താനം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾ, ക്ഷീര കർഷകർക്ക് ഇൻസെന്റീവും, കാലിത്തീറ്റ സബ്‌സിഡിയും വിതരണം, ലൈഫ് മിഷൻ, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികൾ, ഭിന്ന ശേഷിക്കാർക്ക് സ്‌കോളർഷിപ്പും ഉപകരണങ്ങളും വിതരണം, പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, മാലിന്യ സംസ്‌ക്കരണരംഗത്ത് ഏവർക്കും മാതൃകയാക്കാവുന്ന രീതിയിൽ ആർ.ആർ.എഫിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്ന പ്രവർത്തനമാണ് ഭരണ സമിതി ഏറ്റെടുത്ത് നടത്തിയത്. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ മുതൽ നിർവ്വഹണ ഉദ്യോഗസ്ഥർ വരെയുള്ള എല്ലാവരും ഭരണ സമിതിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രസിഡന്റ് അറിയിച്ചു.