പീരുമേട്: 111 വർഷത്തിന്റെ പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന കേരളകൗമുദി തോട്ടംമേഖലയിൽ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പീരുമേട്ടിൽ പുതിയ ബ്യൂറോ പ്രവർത്തനം ആരംഭിച്ചു. പീരുമേട് നഗരമദ്ധ്യത്തിലെ കരിനാട്ട് ബിൽഡിംഗ്‌സിലാണ് നവീകരിച്ച ബ്യൂറോ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് പീരുമേട് എസ്.എം.എസ് ക്ലബ് ഹാളിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനും സർക്കാരുകളെ ഇടപെടുത്താനുമെല്ലാം നിരന്തരം പരിശ്രമിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം അതികലുഷമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

'തൊട്ടുകൂടാത്തവർ,​ തീണ്ടികൂടാത്തവർ

ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-

യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ..."

ഇങ്ങനെയാണ് മഹാകാവി കുമാരനാശാൻ ആ കാലഘട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പിന്നാക്കക്കാരന് വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടി വാദിക്കാനും അവരെ സംഘടിപ്പിക്കാനും പ്രചോദനമായ മഹത് സ്ഥാപനമാണ് കേരളകൗമുദിയെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു. കുമളി ചെമ്പൻകുളം ആയുർവേദ ആശുപത്രി എം.ഡിയും എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റും ചെമ്പൻകുളം ഗോപിവൈദ്യർ, കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ . ഫാ. ഡോ. പി. റോയ് എബ്രഹാം, പാമ്പനാർ ശ്രീനാരായണ ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ സനൂജ് സി. ബ്രീസ്‌വില്ല, പീരുമേട് മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു, പാമ്പനാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. വർഗീസ് (ജോർജ്ജുകുട്ടി) എന്നിവരെ വാഴൂർ സോമൻ എം.എൽ.എ പൊന്നാടയണിയിച്ച് മെമന്റോ നൽകി ആദരിച്ചു.

കേരളകൗമുദിയുടെ അഭ്യുദയകാംഷികളും ജനപ്രതിനിധികളും വിവിധ സംഘടനാ പ്രവർത്തകരടക്കമുള്ളസമ്പന്നമായ സദസ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.